കാനഡയിലെ ഒൻപത് മുസ്‌ലിം വിദ്യാലയങ്ങൾക്ക് നേരെ ഭീഷണി ഉയർന്നതിനെ തുടർന്ന് രാജ്യത്തെ വിവിധ പോലീസ് സേനകൾ അന്വേഷണം ആരംഭിച്ചു.ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക് എന്നിവിടങ്ങളിൽ 'മുസ്‌ലിം അസോസിയേഷൻ ഓഫ് കാനഡ' നടത്തുന്ന സ്‌കൂളുകളിലേക്ക് അജ്ഞാത ഇമെയിൽ സന്ദേശം ലഭിക്കുകയായിരുന്നു.
'സിറ്റിസൺ വിജിലൻ്റ്' എന്ന പേരിൽ ലഭിച്ച ഇമെയിലിൽ മുസ്‌ലിങ്ങളെ കൊലപ്പെടുത്തുമെന്നും കാനഡയെ 'മുസ്‌ലിം മുക്തമാക്കുമെന്നും' ഭീഷണിപ്പെടുത്തുന്നു. മുൻപും ഇസ്‌ലാമോഫോബിക് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, സ്‌കൂളുകളെയും കുട്ടികളെയും നേരിട്ട് ലക്ഷ്യമിട്ട് ഇത്തരമൊരു ഭീഷണി ഉണ്ടാകുന്നത് ആദ്യമാണെന്ന് സംഘടനയുടെ വക്താവ് നബീൽ സുൽത്താൻ പറഞ്ഞു. മുൻകരുതലിൻ്റെ ഭാഗമായി സ്‌കൂളുകളിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പീൽ, ലണ്ടൻ, വാട്ടർലൂ, ഓട്ടവ എന്നീ പ്രദേശങ്ങളിലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പള്ളികൾക്കും സ്‌കൂളുകൾക്കും സമീപം പട്രോളിംഗും സുരക്ഷയും ശക്തമാക്കുകയും ചെയ്തു. പീൽ പോലീസിൻ്റെ ഹേറ്റ് ക്രൈം വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉടനടി ആക്രമണ സാധ്യതയുള്ളതായി സൂചനകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി കടുത്ത ആശങ്ക രേഖപ്പെടുത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം ഭീഷണികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ ഇസ്‌ലാമോഫോബിയയും മുസ്‌ലിങ്ങൾക്കെതിരെയുള്ള വെറുപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം 2020-നും 2024-നും ഇടയിൽ മുസ്‌ലിങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ 170 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്. 2017-ൽ ക്യൂബെക് സിറ്റി മസ്ജിദിലുണ്ടായ വെടിവെപ്പിൽ ആറ് പേരും, 2021-ൽ ഒൻ്റാരിയോയിലെ ലണ്ടനിൽ നാല് പേരും കൊല്ലപ്പെട്ട സംഭവങ്ങൾ വക്താവ് നബീൽ സുൽത്താൻ ചൂണ്ടിക്കാട്ടി. ഭീഷണിയെ തുടർന്ന് ഭയന്നാണ് കുട്ടികൾ സ്‌കൂളുകളിലേക്ക് പോകുന്നതെന്നും, രാജ്യത്തെ ഇസ്‌ലാമോഫോബിയ അന്തരീക്ഷത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.